Theerppu movie

ബ്രഹ്മാണ്ഡ ചിത്രം കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപിയുടെ രചനയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത പുതിയ മലയാള ചലച്ചിത്രമാണ് 'തീർപ്പ്'. പൃഥ്വിരാജ്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷാ തൽവാർ, സിദ്ദീഖ്, ഹെന്ന റെജി കോശി, ഇന്ദ്രജിത്ത്, ശ്രീകാന്ത് മുരളി, മാമുക്കോയ തുടങ്ങിയവരാണ് സിനിമയിൽ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചരിത്രവും വർത്തമാനത്തിൽ ആ ചരിത്രത്തിൻറെ പ്രസക്തിയും അവ എഴുതപ്പെടുന്ന രീതിയും ചർച്ച ചെയ്യുകയാണ് തീർപ്പ്. അബ്ദുള്ള മരക്കാർ,രാം കുമാർ,കല്യാൺ മേനോൻ,പരമേശ്വരൻ പോറ്റി എന്നീ നാല് പേരുടെ കഥയാണ് ഈ സിനിമ പറയുന്നത്. ഇന്ത്യയിൽ ആഗോളവൽക്കരണം വരുന്ന ഒരു കാലവും കടൽത്തീരത്തുള്ള ഒരു വീടും പറമ്പും അവിടുത്തെ ജീവിതങ്ങളുമായി തൊണ്ണൂറുകളിൽ തുടങ്ങി ഇന്നത്തെ കാലത്തെത്തുമ്പോൾ അതേ കടൽത്തീരവും മാറിയ ജനതയുമാണ് തീർപ്പിന്റെ കാഴ്ച്ചയിൽ തീർപ്പ് കൽപ്പിക്കാനും അത് ഏറ്റുവാങ്ങാനും വരുന്നത്. നാലു സുഹൃത്തുക്കളുടെ കണ്ടുമുട്ടലും പഴയ കാലത്തിന്റെ ഓർമകളും അത് തീർത്ത മുറിവുകളും ഈ സിനിമയുടെ വിഷയമാകുമ്പോൾ ഒരു റിവഞ്ച് ഡ്രാമ എന്ന നിലയിൽ പരിഗണിക്കാമെങ്കിലും കഥയിലെയും സംഭവങ്ങളിലേയും രാഷ്ട്രീയത്തിനാണ് സിനിമ മുൻതൂക്കം നൽകുന്നത്. തീർപ്പ് പറയുന്ന രാഷ്ട്രീയ സൂചകങ്ങൾ തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. സാങ്കേതികപരമായും മികച്ച ദൃശ്യാനുഭവം നൽകുന്നുണ്ട് ഈ സിനിമ. രണ്ടര മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള ഈ ചിത്രം 2022 ആഗസ്റ്റ് 25നാണ് റിലീസ് ചെയ്തത്. ഇപ്പോൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.

Comments