ഓപ്പറേഷൻ ജാവ എന്ന സിനിമക്ക് ശേഷം തരുൺ മൂർത്തി രചനയും സംവിധാനവും നിർവഹിച്ച പുതിയ മലയാള സിനിമയാണ് ' സൗദി വെള്ളക്ക'. ദേവി വർമ്മ, ബിനു പപ്പു, ലുക്മാൻ അവറാൻ, സുജിത് ശങ്കർ, രമ്യ സുരേഷ്, ഗോകുലൻ എന്നിവരാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. കൊച്ചിയിലെ ചെല്ലാനത്തിനടുത്തുള്ള സൗദിയിൽ നടക്കുന്ന ഒരു വെള്ളക്ക കേസുമായി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ പറയുന്നത്. ആയിഷ റാവുത്തർ എന്ന ദേവി വർമ്മയുടെ കഥാപാത്രമാണ് കേസിലെ പ്രതി. വർഷങ്ങൾ നീണ്ടുനിൽക്കുന്ന വിചാരണകളിൽ കോടതി വരാന്തകൾ കയറിയിറങ്ങുന്ന ആയിഷ റാവുത്തർ പ്രേക്ഷകന്റെ ഉള്ള് തൊടുന്നുണ്ട്. മനുഷ്യരുടെ വിത്യസ്ത തലങ്ങളും ഒപ്പം മനുഷ്യത്വത്തിന്റെ മൂല്യവും തുറന്നു കാണിക്കുന്ന ഒരു ഗംഭീര സിനിമയാണ് സൗദി വെള്ളക്ക. വെറുമൊരു കാഴ്ചക്കപ്പുറം സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ കൂടെ കൂടുന്നുണ്ട് ഓരോ കഥാപാത്രവും. തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ അനുഭവമാണ് സൗദി വെള്ളക്ക സമ്മാനിക്കുന്നത്. മികവുറ്റ തിരക്കഥയുടെ അതിമികവാർന്ന ആവിഷ്കാരമായ ഈ സിനിമയുടെ മാറ്റുകൂട്ടുന്നത് പ്രധാന കഥാപാത്രങ്ങളുടെയും മറ്റു ചെറിയ വേഷങ്ങളിലെത്തുന്നവരുടെയുമെല്ലാം പ്രകടനങ്ങൾ തന്നെയാണ്. അതിൽ തന്നെ ദേവി വർമ്മ, ബിനു പപ്പു, സുജിത് ശങ്കർ, ലുക്മാൻ എന്നിവരുടെ പേരുകൾ എടുത്തു പറയേണ്ടതുണ്ട്. ശരൺ വേലായുധന്റെ ചായാഗ്രഹണവും പ്യാലി ഫ്രാൻസിസിന്റെ പശ്ചാത്തല സംഗീതവും മികച്ചതായാണ് അനുഭവപ്പെട്ടത്. 2022 ഡിസംബർ രണ്ടിന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ സോണി ലിവില്‍ ലഭ്യമാണ്.
Comments
Post a Comment