അയൻ മുഖർജി സംവിധാനം ചെയ്ത പുതിയ പാൻ ഇന്ത്യൻ സിനിമയാണ് 'ബ്രഹ്മാസ്ത്രം, ഭാഗം ഒന്ന്:ശിവ'. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ബ്രഹ്മാസ്ത്രം സീരീസിലെ ആദ്യ അധ്യായമാണ് ഇത്. രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ, മൗനി റോയ്, ഷാറൂഖ് ഖാൻ, നാഗാർജുന തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇതിഹാസ ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെട്ട അസ്ത്രങ്ങളെ അവലംബിച്ചാണ് സിനിമയുടെ കഥ പറയുന്നത്. നന്മയും തിന്മയും തമ്മിലുള്ള യുദ്ധവും, നന്മയുടെ വിജയത്തിന് വേണ്ടിയുള്ള ഒത്തുചേരലുകളുമാണ് സിനിമ പ്രമേയമാക്കുന്നത്. സാങ്കേതികമായി വലിയ മികവ് പുലർത്തുന്നുണ്ട് ഈ സിനിമ. വി എഫ് എക്സ്, വിഷ്വൽസ് എന്നിവ എടുത്തു പറയേണ്ടതു തന്നെയാണ്. സിനിമക്കുള്ളിൽ സൃഷ്ടിക്കപ്പെടുന്ന ഒരു ലോകത്തിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്നതിൽ സിനിമയുടെ വി എഫ് എക്സ് വലിയ പങ്കുവഹിക്കുന്നുണ്ട്. സിനിമയുടെ പശ്ചാത്തല സംഗീതവും പാട്ടുകളും മികച്ചതാണ്. ചിത്രത്തിന്റെ പോരായ്മയായി അനുഭവപ്പെട്ടത് സിനിമയിലെ പ്രണയ രംഗങ്ങളും സംഭാഷണങ്ങളും ദൈർഘ്യവുമാണ്. തീർത്തും ക്ലീഷേ ആയിട്ടുള്ള പ്രണയ രംഗങ്ങളും അതിലെ സംഭാഷണങ്ങളുമാവുമ്പോൾ കണ്ടിരിക്കുന്ന പ്രേക്ഷകന് മടുപ്പ് അനുഭവപ്പെട്ടേക്കാം. രണ്ടുമണിക്കൂറും 48 മിനിറ്റും ദൈർഘ്യമുള്ള ഈ സിനിമ 2022 സെപ്റ്റംബർ 9-നാണ് റിലീസ് ചെയ്തത്. ഹിന്ദിക്ക് പുറമേ തമിഴ്, തെലുഗു, മലയാളം, കന്നട ഭാഷകളിലായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഇപ്പോൾ ലഭ്യമാണ്.
Comments
Post a Comment