ദൃശ്യം 2, 12th man എന്നീ സിനിമകൾക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത പുതിയ മലയാള ചലച്ചിത്രമാണ് 'കൂമൻ'. ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ സിനിമയിൽ ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, ബാബുരാജ്, മേഘാനന്ദൻ, ഹന്ന റെജി കോശി, പോളി വത്സൻ, ബൈജു, രാജേഷ് പറവൂർ എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. സാധാരണ ത്രില്ലർ സിനിമകളിൽ കണ്ടുവരാറുള്ള നായക പശ്ചാത്തലമല്ല കൂമനിലേത് എന്നത് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ ആകർഷണം. രസകരമായ രീതിയിൽ അത് അവതരിപ്പിക്കുകയും അതിന്റെ സാധ്യതകളെ വേണ്ടുവോളം ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ഈ സിനിമയിൽ. ഒരു നാടും അവിടുത്തെ പോലീസ് സ്റ്റേഷനും കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്. സിനിമയെ കുറിച്ച് കൂടുതൽ പറയുന്നത് സ്പോയിലർ ആകുമെന്ന് ഉറപ്പാണ്. ഒട്ടനവധി സവിശേഷതകളുള്ള ഗിരി എന്ന നായക കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കുന്നുണ്ട് ആസിഫ് അലി. പ്രകടനങ്ങളിൽ എടുത്തു പറയേണ്ട മറ്റൊരാൾ ജാഫർ ഇടുക്കിയാണ്. രണ്ടുപേരുടെയും മികച്ച പ്രകടനങ്ങളിൽ ഒന്നുതന്നെയാണ് കൂമനിലേത് എന്ന് നിസ്സംശയം പറയാം. പശ്ചാത്തല സംഗീതവും വിശ്വലുകളും സിനിമയുടെ മാറ്റ് ഒരുപടി കൂട്ടുന്നതിൽ സഹായകമായ ഘടകങ്ങളാണ്. കെ ആർ കൃഷ്ണകുമാറിന്റെ മികച്ച തിരക്കഥയിൽ ജീത്തു ജോസഫിന്റെ മികച്ച ആവിഷ്കാരമാണ് കൂമൻ എന്ന് ഒറ്റവാക്കിൽ പറയാം. 2022 നവംബർ നാലിന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്. രണ്ടുമണിക്കൂറും 31 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം.
Comments
Post a Comment