വിനയൻ സംവിധാനം ചെയ്ത് സിജു വിൽസൺ, അനൂപ് മേനോൻ, കയാദു ലോഹർ, ചെമ്പൻ വിനോദ്, സുധേവ് നായർ, ദീപ്തി സതി, സുരേഷ് കൃഷ്ണ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ പുതിയ മലയാള ചിത്രമാണ് 'പത്തൊൻപതാം നൂറ്റാണ്ട്'. പിരീഡ് ആക്ഷൻ ഡ്രാമ ഗണത്തിൽ പെടുത്താവുന്നതാണ് ഈ സിനിമ. പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിൽ നടന്ന ചരിത്ര സംഭവങ്ങൾ ഉൾക്കൊള്ളിച്ചാണ് വിനയൻ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ആറാട്ടുപുഴ വേലായുധ പണിക്കരും നങ്ങേലിയും കായംകുളം കൊച്ചുണ്ണിയും ആയില്യം തിരുനാൾ രാമവർമ്മയും ഒക്കെ വരുന്ന കഥയിൽ ദുരാചാരങ്ങളും അഴിത്തവും അതിനെതിരെയുള്ള പ്രതിഷേധങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ആറാട്ടുപുഴ വേലായുധപ്പണിക്കരിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. മുലക്കരവും മീശക്കരവും അഴിത്തവും നിലനിൽക്കുന്ന ഒരു കാലത്ത് ജീവിച്ചിരുന്ന താഴ്ന്ന ജാതിയിൽ പെട്ട ധനികനായ കച്ചവടക്കാരനായിരുന്നു ആറാട്ടുപുഴ വേലായുധ പണിക്കർ. ആ കഥാപാത്രമായി എത്തിയ സിജു വിൽസൺ മികച്ച രീതിയിൽ അത് അവതരിപ്പിച്ചിട്ടുമുണ്ട്. നങ്ങേലിയായി വന്ന കയാദു ലോഹറിന്റെ പ്രകടനവും മികച്ചതാണ്. ഛായാഗ്രഹണവും എഡിറ്റിംഗും പശ്ചാത്തല സംഗീതവും അടങ്ങുന്ന സിനിമയുടെ സാങ്കേതിക ഘടകങ്ങളുടെ മികവും എടുത്തു പറയേണ്ടതാണ്. ആക്ഷൻ കൊറിയോഗ്രഫിയും നന്നായിട്ടുണ്ട്. സിനിമയിൽ ഒട്ടേറെ സംഭവങ്ങൾ കൊണ്ടുവരുന്നുണ്ടെങ്കിലും സിനിമയുടെ ഒഴുക്കിനെ ഫീൽ ചെയ്യുന്നതിൽ പ്രേക്ഷകന് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. 2022 സെപ്റ്റംബർ എട്ടിനാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.

Comments
Post a Comment