ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച രതീഷ് ബാലകൃഷ്ണ പൊതുവാൾ രചനയും സംവിധാനവും നിർവ്വഹിച്ച പുതിയ മലയാള ചലച്ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. കാസർഗോഡിന്റെ പശ്ചാത്തലത്തിൽ ഒരു കേസും അതിന്റെ അനുബന്ധ കാര്യങ്ങളും പറയുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഗായത്രി ശങ്കർ, പി പി കുഞ്ഞികൃഷ്ണൻ, രാജേഷ് മാധവൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ബേസിൽ ജോസഫ്, മൃതുൽ നായർ,സിബി തോമസ്, ഉണ്ണിമായ പ്രസാദ് തുടങ്ങിയവരും വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഒരു സാധാരണക്കാരന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിതമായ ചില സംഭവങ്ങളും അതിനെ തുടർന്ന് അയാൾ നടത്തുന്ന നിയമ പോരാട്ടങ്ങളും പറയുമ്പോൾ പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ അവതരിപ്പിക്കാൻ ഈ സിനിമയുടെ സംവിധായകനും അണിയറ പ്രവർത്തകർക്കും സാധിച്ചിട്ടുണ്ട്. കാസർഗോഡിന്റെ സംസാര ശൈലി അതിന്റെ തനിമയോടെ കൊണ്ടു വരുന്നതോടൊപ്പം അവിടുത്തെ ജീവിതവും മനോഹരമായി പകർത്തിയിട്ടുണ്ട് ഈ സിനിമ. കൊഴുമൽ രാജീവൻ എന്ന കഥാപാത്രത്തെ കുഞ്ചാക്കോ ബോബൻ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. മജിസ്ട്രേറ്റ് ആയി വരുന്ന പുതുമുഖ താരം പി പി കുഞ്ഞികൃഷ്ണന്റെ പെർഫോമൻസും എടുത്തു പറയേണ്ടതാണ്. കൂടുതൽ പുതുമുഖങ്ങളാണ് സിനിമയിലെങ്കിൽ കൂടി അസാധ്യ പെർഫോമൻസുകൾ തന്നെയാണ് എല്ലാവരും കാഴ്ച്ചവെക്കുന്നത്. സിനിമയുടെ സാങ്കേതികതയിൽ എടുത്തു പറയേണ്ടത് ചിത്രത്തിന്റെ സംഭാഷണവും പശ്ചാതല സംഗീതവുമാണ്. 2022 ആഗസ്റ്റ് 11-ന് റിലീസ് ചെയ്ത ഈ സിനിമ ഇപ്പോൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്. രണ്ടു മണിക്കൂറും 18 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം.

Comments
Post a Comment