2021ലെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ സിനിമയാണ് 'ആവാസവ്യൂഹം'. കൃശാന്ത് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാഹുൽ രാജഗോപാലാണ്. കൂടാതെ, സാന്ദ്ര, ശ്രീനാഥ് ബാബു, ഴിൻസ് ഷാൻ, സനൂപ്, ഗീതി സംഗീത, നിഖിൽ പ്രഭാകർ തുടങ്ങിയവരും വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഫെന്റാസ്റ്റിക് എക്കോ ക്രിട്ടിക്കൽ ആക്ഷൻ ത്രില്ലർ മോക്യുമെന്ററി ഗണത്തിൽപ്പെടുത്താവുന്നതാണ് ഈ ചിത്രം. ഭൂമുഖത്തെ ജീവജാലങ്ങൾ ഉന്മൂലനം ചെയ്യപ്പെടുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്നത്തെ നവീനമായ ചലച്ചിത്ര ഭാഷയിലൂടെ ആവിഷ്കരിക്കുകയാണ് ഈ സിനിമ. നർമ്മരസമാർന്ന ആഖ്യാന രീതി അവലംബിക്കുമ്പോഴും ആവാസവ്യവസ്ഥകളുടെ ആസന്നമായ പതനത്തെക്കുറിച്ചുള്ള ആശങ്കകളെ ഒട്ടും ഗൗരവം ചോരാതെ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. മറ്റു സിനിമകളിൽ നിന്ന് വേറിട്ട് നിൽക്കുന്ന വ്യത്യസ്തമായ ഒരു ആഖ്യാനരീതി മുതൽ അഭിനേതാക്കളുടെ അഭിനയം വരെ പ്രേക്ഷകർക്ക് കണ്ടുപരിചിതമല്ലാത്ത രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച സൗണ്ട് എഫക്ട് കൂടിയാവുമ്പോൾ ഈ സിനിമയുടെ മാറ്റ് പതിന്മടങ്ങ് വർദ്ധിക്കുന്നു. മികച്ച ചിത്രത്തിനും തിരക്കഥക്കുമുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കരസ്ഥമാക്കിയ ഈ സിനിമ ഇപ്പോൾ സോണി ലൈവിൽ ലഭ്യമാണ്.

Comments
Post a Comment