നവാഗതനായ അഭിനവ് സുന്ദർ നായിക് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി എത്തിയ മലയാള സിനിമയാണ് 'മുകുന്ദനുണ്ണി അസോസിയേറ്റ്സ്'. സുരാജ് വെഞ്ഞാറമൂട്, ആർഷ ബൈജു, സുധി കോപ്പ, മണികണ്ഠൻ പട്ടാമ്പി, തൻവി റാം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. വക്കീൽ ബിരുദധാരിയായ മുകുന്ദനുണ്ണി ജീവിത വിജയം നേടാനുള്ള പരിശ്രമങ്ങളിലാണ്. അങ്ങനെ ഒരു ദിവസം അമ്മയുമായി ഹോസ്പിറ്റലിൽ പോകേണ്ടി വരികയും അവിടെനിന്ന് മുകുന്ദനുണ്ണി അറിയുന്ന ചില കാര്യങ്ങളുമാണ് മുന്നോട്ടുള്ള സിനിമ. ഭാവനകൾക്കപ്പുറത്തുള്ള സ്വാർത്ഥതയെ കൊണ്ടുനടക്കുന്ന കേന്ദ്ര കഥാപാത്രത്തിലൂടെയുള്ള യാത്രയാണ് ഈ സിനിമ. ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. വളരെ മികച്ച രീതിയിൽ അദ്ദേഹം ആ കഥാപാത്രത്തെ കൈകാര്യം ചെയ്തിട്ടുണ്ട്. അവതരണത്തിലെ ആത്മഭാഷണ രംഗങ്ങളിലെല്ലാം വിനീത് മികവ് പുലർത്തുന്നു. മറ്റു കഥാപാത്രങ്ങളായി വരുന്ന എല്ലാവരും തങ്ങളുടെ പ്രകടനങ്ങൾ കൊണ്ട് നീതിപുലർത്തുന്നു എന്നതും ഈ സിനിമയുടെ പോസിറ്റീവാണ്. ടെക്നിക്കൽ വശങ്ങളിലും മികവിലെത്തുന്ന ഈ സിനിമ പുതുമയുള്ള സിനിമാനുഭവമാണ് സമ്മാനിക്കുന്നത്. പുതിയ കഥയും പുതിയ കഥാപാത്രങ്ങളും ഒപ്പം പുതിയ ആഖ്യാന രീതിയിലുമുള്ള പുത്തൻ അനുഭവം. 2022 നവംബർ 11-ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ ലഭ്യമാണ്.
Comments
Post a Comment