Yashoda movie review

സാമന്തയെ കേന്ദ്ര കഥാപാത്രമാക്കി ഹരീഷ് നാരായണൻ, കെ ഹരിശങ്കർ എന്നിവർ സംവിധാനം ചെയ്ത പുതിയ തെലുഗു സിനിമയാണ് 'യശോദ'. വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, സമ്പത് രാജ്, റാവു രമേശ്, പ്രീതി അസ്റാനി, ദിവ്യ, കൽപിക ഗണേഷ് എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സയന്റിഫിക് ഫിക്ഷൻ ത്രില്ലർ ചിത്രമാണ് യശോദ. യശോദ അടക്കമുള്ള വാടക ഗർഭിണികളുടെയും, നാട്ടിൽ നടക്കുന്ന കൊലപാതക പരമ്പരകളുടെ അന്വേഷണങ്ങളിലൂടെയും, ഒടുവിൽ ഇവ രണ്ടും ബന്ധപ്പെടുന്ന രീതിയിലുമാണ് സിനിമ മുന്നോട്ട് പോകുന്നത്. സിനിമാ സ്വാതന്ത്ര്യത്തെ വേണ്ടുവോളം ഉപയോഗപ്പെടുത്തുകയും സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകന്റെ ലോജിക്കിനെ ഒരു തരി പോലും പരിഗണിക്കാതെയുമുള്ള അവതരണമാണ് യശോദയുടേത്. നല്ല രീതിയിൽ കഥ പറയാനുള്ള പ്ലോട്ട് ഉണ്ടായിരുന്നിട്ടും വേണ്ടവിധം അതിനെ ഉപയോഗപ്പെടുത്താൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടില്ല. സാമന്തയടക്കമുള്ളവരുടെ പ്രകടനങ്ങളും ഫൈറ്റ് കൊറിയോഗ്രാഫിയും മികച്ചതാണെങ്കിലും അവതരണത്തിന്റെ പോരായ്മ മുഴച്ചു നിൽക്കുന്നുണ്ട്. മാറുന്ന സാഹചര്യങ്ങളുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുമ്പോഴും വിശ്വസനീയമല്ലാത്ത കഥാവിഷ്കാരത്താൽ പ്രേക്ഷകനെ നിരാശപ്പെടുത്തുന്നുണ്ട് യശോദ. രണ്ടുമണിക്കൂറും 12 മിനിട്ടും ദൈർഘ്യമുള്ള ഈ സിനിമ 2022 നവംബർ 11-നാണ് റിലീസ് ചെയ്തത്. ഇപ്പോൾ ആമസോൺ പ്രൈമിൽ തെലുഗു, തമിഴ്,മലയാളം,കന്നട, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്.

Comments