രോഹിണി, ശ്രദ്ധ ശ്രീനാഥ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദീപക് സംവിധാനം ചെയ്ത സോഷ്യൽ ഡ്രാമ ത്രില്ലർ സിനിമയാണ് 'വിറ്റ്നസ്'. ജി സെൽവ, ശൺമുഖ രാജ് എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സോണി ലിവിലൂടെ നേരിട്ട് റിലീസ് ചെയ്ത ഈ ചിത്രം തമിഴ്, മലയാളം, തെലുഗു, കന്നട ഭാഷകളിൽ ലഭ്യമാണ്. കൈകൊണ്ട് തോട്ടിപ്പണി ചെയ്യുന്നവരെയും അവരുടെ ജീവിത പരാധീനതകളും വരച്ചു കാണിക്കുന്ന സിനിമയാണ് വിറ്റ്നസ്. മാലിന്യ നിർമാർജ്ജനങ്ങൾക്ക് പുതിയ സാങ്കേതികതകൾ ഉപയോഗപ്പെടുത്തുമ്പോഴും ഒരു ജാതിയിലുള്ളവർ മാത്രം ഇരകളാക്കപ്പെടുന്നതിനെ നിശിതമായി വിമർശിക്കുന്നുണ്ട് ഈ ചിത്രം. അധികാരികളുടെ ഇത്തരം ക്രൂര ചെയ്തികൾ ഭരണഘടനാ വിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് ഈ സിനിമ അടിവരയിടുന്നു. പ്രധാന കഥാപാത്രങ്ങളടക്കമുള്ളവരുടെ മികച്ച പ്രകടനങ്ങളും വ്യക്തമായ അവതരണവും കൊണ്ട് ഈ സിനിമ നല്ല അനുഭവമാകുന്നുണ്ട്. തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയായാണ് വിറ്റ്നസ് അനുഭവപ്പെട്ടത്. രണ്ടു മണിക്കൂറും മൂന്നു മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം.
Comments
Post a Comment