പുലിമുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം ഉദയകൃഷ്ണ-വൈശാഖ്-മോഹൻലാൽ ത്രയം ഒന്നിക്കുന്ന പുതിയ മലയാള സിനിമയാണ് 'മോൺസ്റ്റർ'. സസ്പെൻസ് ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന ഈ സിനിമയിൽ മോഹൻലാലിന് പുറമേ ഹണി റോസ്, സുധേവ് നായർ, സിദ്ദീഖ്, ലെന, ഗണേഷ് കുമാർ, ജോണി ആന്റണി, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശീ ടാക്സി ഡ്രൈവറായ ഭാമിനി, അവരുടെ ഭർത്താവ് ചന്ദ്ര, അവരുടെ മകൾ എന്നിവരടങ്ങുന്ന ഒരു കുടുംബത്തിന്റെ ജീവിതം പറഞ്ഞു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. ഒരു ദിവസം ലക്കി സിംഗ് എന്നയാളെ പിക് ചെയ്യാൻ ഭാമിനിക്ക് എയർപോർട്ടിലേക്ക് പോകേണ്ടി വരുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. തീർത്തും അപ്ഡേറ്റഡ് അല്ലാത്ത ഒരു തിരക്കഥയും അവതരണ ശൈലിയുമാണ് മോൺസ്റ്ററിന്റേത്. ക്ലൈമാക്സിനോടടുത്തുള്ള ഫൈറ്റ് കൊറിയോഗ്രാഫി ഒഴിച്ച് നിർത്തിയാൽ മറ്റെല്ലാം കൊണ്ടും നിരാശ മാത്രമാണ് ഈ സിനിമ സമ്മാനിക്കുന്നത്. ട്വിസ്റ്റുകളുടെ പെരുമഴക്കാലം തന്നെ അഴിച്ചുവിടുന്ന തിരക്കഥ അന്യഭാഷകളിൽ നിന്നെല്ലാം ഉള്ള അത്യാധുനിക സിനിമകൾ കാണുന്ന പ്രേക്ഷകനെ ഒട്ടും തൃപ്തിപ്പെടുത്തുന്നില്ല. മലയാളി കണ്ടുമടുത്ത പഴയകാല സിനിമാവതരണം തന്നെ വീണ്ടും കൊണ്ടുവരുമ്പോൾ വളരെയധികം മടുപ്പിക്കുന്നുണ്ട്. 2022 ദീപാവലി റിലീസായി വന്ന ഈ സിനിമ ഇപ്പോൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.
Comments
Post a Comment