Rorschach movie review

കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത പുതിയ മലയാള ചിത്രമാണ് 'റോഷാക്ക്'. നിഗൂഢമായ പ്രതികാരത്തിന്റെ കഥ പറയുന്ന റോഷാക്കിൽ ലൂക്ക് ആന്റണി എന്ന കേന്ദ്ര കഥാപാത്രമായി എത്തുന്നത് മമ്മൂട്ടിയാണ്. ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ, ഷറഫുദ്ദീൻ, സഞ്ജു ശിവ്റാം, ശ്രീജ രവി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. യാത്രക്കിടയിൽ തനിക്ക് അപകടം പറ്റിയെന്നും ബോധം തിരിച്ചു വരുമ്പോൾ ഗർഭിണിയായ തന്റെ ഭാര്യയെ കാണാനില്ലെന്നും പറഞ്ഞ് ലൂക്ക് ആന്റണി പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി വരുന്നതാണ് സിനിമയുടെ പശ്ചാത്തലം. കാടിനോട് ചേർന്നു നിൽക്കുന്ന ആ നാട്ടിൽ തന്റെ ഭാര്യക്കു വേണ്ടി തിരച്ചിൽ നടത്തുന്നതും ശേഷം നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ആ നാടും നാട്ടുകാരും ചോദ്യങ്ങളും ഉത്തരങ്ങളുമായി പുതുമയാർന്ന രീതിയിൽ റോഷാക്ക് അവതരിപ്പിക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. മികച്ച കാസ്റ്റിങ്ങും അവരുടെ പ്രകടനങ്ങളും സാങ്കേതികതയും ഒരേപോലെ മികവ് പുലർത്തി എന്നതാണ് റോഷാക്കിന്റെ വിജയം. സാഹചര്യങ്ങളെ ഉൾക്കൊണ്ട സൂക്ഷ്മമായ അവതരണമാണ് സിനിമയിലുടനീളം കാണാൻ സാധിക്കുന്നത്. മമ്മൂട്ടി, ബിന്ദു പണിക്കർ എന്നിവരുടെ പേരുകൾ എടുത്തു പറയേണ്ടതു തന്നെയാണ്. നിമിഷ് രവിയുടെ ഛായാഗ്രഹണം, മിഥുൻ മുകുന്ദന്റെ സംഗീതം, കിരൺ ദാസിന്റെ എഡിറ്റിംഗ് എന്നിവയും സിനിമയെ മികച്ച അനുഭവമാക്കുന്നതിന് സഹായിച്ച ഘടകങ്ങളാണ്. സമര്‍ത്ഥമായ തിരക്കഥയുടെ മികച്ച ആവിഷ്കരണമാണ് റോഷാക്ക് എന്ന് ഒറ്റ വാക്കിൽ പറയാം. 2022 ഒക്ടോബർ 7 ന് റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്. രണ്ടുമണിക്കൂറും 29 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം.

Comments