Padma movie review

അനൂപ് മേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച പുതിയ മലയാള ചലച്ചിത്രമാണ് 'പത്മ'. അനൂപ് മേനോൻ, സുരഭി ലക്ഷ്മി എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ഈ സിനിമയിൽ മാല പാർവ്വതി, ദിനേശ് പ്രഭാകർ, ശങ്കർ രാമകൃഷ്ണൻ, ശ്രുതി രജനികാന്ത് തുടങ്ങിയവരും വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. പ്രധാന കഥാപാത്രങ്ങളുടെ ഇടയിലുള്ള ബന്ധത്തിന്റെ കഥയാണ് പത്മ പറയുന്നത്. മനഃശാസ്ത്രജ്ഞനായ രവിശങ്കറിന്റെയും ഭാര്യ പത്മജയുടെയും ജീവിത സാഹചര്യങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. നാട്ടിൻപുറത്ത് നിന്നും മാറി നഗരത്തിലേക്ക് താമസം മാറ്റേണ്ടി വരുമ്പോൾ ദാമ്പത്യ ബന്ധങ്ങളിൽ ഉണ്ടായേക്കാവുന്ന അസ്വാരസ്യങ്ങളെ വരച്ചു കാണിക്കുന്നുണ്ട് ഈ സിനിമ. പ്രകടനങ്ങളാണ് സിനിമയുടെ എടുത്തു പറയേണ്ട പോസിറ്റീവ് ആയി അനുഭവപ്പെട്ടത്. സുരഭി ലക്ഷ്മി, അനൂപ് മേനോൻ, ദിനേശ് പ്രഭാകർ എന്നിവരുടെ പ്രകടനങ്ങൾ വളരെ മികച്ചതായിരുന്നു. പത്മജ എന്ന കഥാപാത്ര രൂപീകരണത്തിലെ അപാകതകൾ പ്രകടനം കൊണ്ട് മറികടക്കുന്നുണ്ട് സുരഭി ലക്ഷ്മി. പ്രധാന കഥയോട് ഒരു നിലക്കും യോജിക്കാത്ത ഉപകഥകളും മികച്ചതല്ലാത്ത ഫ്ലാഷ് ബാക്ക് സീനും ഈ സിനിമയുടെ പോരായ്മയാണ്. തിയേറ്റർ റിലീസ് ആയി വന്ന ഈ സിനിമ ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്.

Comments