സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത പുതിയ മലയാള ചലച്ചിത്രമാണ് 'മേ ഹൂം മൂസ'. രൂപേഷ് റൈനിന്റെ തിരക്കഥയിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ഷൈജു കുറുപ്പ്, പൂനം ബജ്വ, ശ്രിന്ദ, ഹരീഷ് കണാരൻ, സലിം കുമാർ, വീണ നായർ, സാവിത്രി ശ്രീധരൻ, മിഥുൻ, ശശാങ്കൻ, മേജർ രവി തുടങ്ങിയവരാണ് മറ്റു വേഷങ്ങളിൽ എത്തിയിരിക്കുന്നത്. കാർഗിൽ യുദ്ധത്തിൽ രക്തസാക്ഷിയായി എന്ന് കരുതപ്പെടുന്ന വ്യക്തി പത്തൊമ്പത് വർഷങ്ങൾക്കു ശേഷം തിരിച്ച് വരുന്നതും ശേഷം തന്റെ ഐഡന്റിറ്റി തെളിയിക്കാൻ നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ പ്രമേയം. ഗൗരവമായ പ്രമേയമാണ് സിനിമ ചർച്ച ചെയ്യുന്നതെങ്കിലും പൂർണ്ണമായും തമാശ രൂപേണയാണ് ജിബു ജേക്കബ് മേ ഹൂം മൂസ ഒരുക്കിയിരിക്കുന്നത്. ഗ്രാമ്യഭാഷയിലെ അപാകതകൾ മാറ്റി നിർത്തിയാൽ സുരേഷ് ഗോപിയുടെ പ്രകടനം വളരെ മികച്ചതാണ്. മൂസ എന്ന വ്യക്തിയുടെ ശരീര ഭാഷയെല്ലാം നല്ല രീതിയിൽ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഹരീഷ് കണാരന്റേയും സാവിത്രി ശ്രീധരന്റെയും തമാശകൾ ഒരു പരിധിവരെ പ്രേക്ഷകനിൽ ചിരി പടർത്തുന്നതിൽ വിജയിക്കുന്നുമുണ്ട്. മേക്കിംഗിലും കഥ പറച്ചിലിലും അവതരണത്തിലുമെല്ലാമുള്ള പുതിയ ശൈലി മേ ഹൂം മൂസ ഉൾക്കൊള്ളുന്നില്ല എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്മയായി അനുഭവപ്പെട്ടത്. സിനിമയുടെ കോമഡി ഭാഗങ്ങൾ പ്രധാന പ്രമേയവുമായി ഒത്തുചേരുന്നതിൽ തിരക്കഥ പലയിടങ്ങളിലും വിജയിക്കുന്നുമില്ല. ചുരുക്കം ചിലയിടങ്ങളിൽ ചിരി സമ്മാനിക്കുന്നു എന്നതാണ് മേ ഹൂം മൂസ ബാക്കിയാക്കുന്നത്. രണ്ടു മണിക്കൂറും 18 മിനിറ്റും ദൈർഘ്യമുള്ള ഈ സിനിമ 2022 സെപ്റ്റംബർ 30-നാണ് റിലീസ് ചെയ്തത്. ഇപ്പോൾ zee5-ൽ ലഭ്യമാണ്.
Comments
Post a Comment