ഹേമന്ത് കുമാറിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് ആസിഫ് അലി, നിഖില വിമൽ, റോഷൻ മാത്യു, വിജിലേഷ്, രഞ്ജിത്ത്, ശ്രീലക്ഷ്മി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ പുതിയ മലയാള സിനിമയാണ് 'കൊത്ത്'. മലയാളത്തിൽ വന്ന രാഷ്ട്രീയ സിനിമകൾ ഏറെയും ചർച്ച ചെയ്ത കണ്ണൂരിന്റെ രാഷ്ട്രീയമാണ് ഈ സിനിമയുടെയും ചർച്ചാവിഷയം. രണ്ടു പാർട്ടികളും അതിലെ പ്രവർത്തകരും തമ്മിലുള്ള സംഘർഷങ്ങളുമാണ് സിനിമ പ്രധാനമായും പറയുന്നത്. രാഷ്ട്രീയത്തിന്റെ പേരിൽ നാട്ടിൽ നടക്കുന്ന ഒരു കൊലപാതകവും അതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ കഥാ പശ്ചാത്തലം. കൊലപാതക രാഷ്ട്രീയത്തിന്റെ ഭയാനകതയും പരിണിതഫലങ്ങളും ഒരു പരിധിവരെ തുറന്നുകാട്ടാൻ ഈ സിനിമക്ക് സാധിച്ചിട്ടുണ്ട്. സിനിമയുടെ എടുത്തു പറയേണ്ട പോസിറ്റീവ് പ്രകടനങ്ങൾ തന്നെയാണ്. ആസിഫ് അലി, നിഖില വിമൽ, വിജിലേഷ്, ശ്രീലക്ഷ്മി എന്നിവരുടെയെല്ലാം പ്രകടനങ്ങൾ വളരെ മികച്ചതാണ്. പ്രകടനങ്ങൾക്ക് വേണ്ടി എല്ലാവരെയും തിരക്കഥ പരിഗണിക്കുന്നത് കൊണ്ട് തന്നെ സിനിമയുടെ ദൈർഘ്യം കൂടുന്നത് കണ്ടിരിക്കുന്ന പ്രേക്ഷകനിൽ അതൃപ്തി ഉണ്ടാക്കിയേക്കാം. തിരക്കഥയുടെ സ്വഭാവം അല്പം പഴകിയതാണെങ്കിലും പശ്ചാത്തല സംഗീതവും ചായഗ്രഹണവും മികച്ചതായാണ് അനുഭവപ്പെട്ടത്. രണ്ടുമണിക്കൂറും 33 മിനിറ്റും ദൈർഘ്യമുള്ള ഈ സിനിമ 2022 സെപ്റ്റംബർ 16നാണ് റിലീസ് ചെയ്തത്. ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്.
Comments
Post a Comment