എം.മുകുന്ദന്റെ തിരക്കഥയിൽ ഹരികുമാർ സംവിധാനം ചെയ്ത പുതിയ മലയാള ചലച്ചിത്രമാണ് 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'. സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ഈ സിനിമയിൽ സ്വാസിക, മനോഹരി ജോയ്, ജനാർദ്ദനൻ, കൈലാഷ്, നീന കുറുപ്പ് തുടങ്ങിയവരാണ് മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. സജീവൻ എന്ന കുഴിമടിയനായ ഓട്ടോ ഡ്രൈവർ രാധിക എന്ന തന്റേടിയായ സ്ത്രീയെ വിവാഹം കഴിക്കുന്നതും ശേഷം അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ കഥ. അഭിനവ കാലത്തിലെ സിനിമകളോട് കിടപിടിക്കത്തക്ക പുതുമയൊന്നും ഈ സിനിമക്ക് അവകാശപ്പെടാനാകില്ല. ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും സിനിമയിലെ പാട്ടുകളും അടക്കം മികവ് പുലർത്തിയില്ല എന്നാണ് അനുഭവപ്പെട്ടത്. അല്പമെങ്കിലും ആശ്വാസം എന്ന് പറയാവുന്നത് പ്രധാന കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ മാത്രമാണ്. ഒരു മണിക്കൂറും 48 മിനിട്ടും ദൈർഘ്യമുള്ള ഈ സിനിമ 2022 ഒക്ടോബർ 28നാണ് റിലീസ് ചെയ്തത്. ഇപ്പോൾ മനോരമ മാക്സിലും ആമസോൺ പ്രൈമിലും ലഭ്യമാണ്.
Comments
Post a Comment