ദേശീയ അവാർഡ് നേടിയ ആളൊരുക്കം എന്ന ചിത്രത്തിനു ശേഷം വി സി അഭിലാഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത പുതിയ മലയാള സിനിമയാണ് 'സബാഷ് ചന്ദ്ര ബോസ്'. വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണി എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ഈ സിനിമയിൽ സ്നേഹ, ശ്രീജ ദാസ്, ഇർഷാദ്, ജാഫർ ഇടുക്കി, രമ്യ സുരേഷ്, കോട്ടയം രമേശ് , സുധി കോപ്പ തുടങ്ങിയവരും വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. എൺപതുകളുടെ പകുതിയിലെ തിരുവനന്തപുരം നെടുമങ്ങാടിനെ പശ്ചാത്തലമാക്കിയാണ് സിനിമയുടെ കഥ പറയുന്നത്. ചന്ദ്രബോസ് എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുകയും അയാളുടെ എടുത്തുചാട്ടവും അതുണ്ടാക്കുന്ന പ്രശ്നങ്ങളും പറഞ്ഞുകൊണ്ട് പ്രേക്ഷകനെ പിടിച്ചിരിത്തുന്നുണ്ട് ഈ സിനിമ. ചന്ദ്രബോസിന്റെ പ്രണയവും യതീന്ദ്രനുമായുള്ള സൗഹൃദവും കമ്പനിയിലെ ജോലിയും വീട്ടിലെ കാര്യങ്ങളുമൊക്കെയായി എൺപതുകകളുടെ പകുതിയിലെ ആ നാടിനെ സ്ക്രീനിൽ കൊണ്ടുവരുന്നതിൽ സിനിമ വിജയിക്കുന്നുണ്ട്. ഒരു ടിവി വന്ന കഥയും അത് നാട്ടുകാർക്കിടയിൽ ചെലുത്തിയ സ്വാധീനവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമായി വരുന്നതെങ്കിലും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ജാതി പ്രശ്നങ്ങളും കലാസാംസ്കാരിക സംഭവങ്ങളുമെല്ലാം സിനിമ ഉൾക്കൊള്ളുന്നുണ്ട്.വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണി, ജാഫർ ഇടുക്കി എന്നിവരുടെ പെർഫോമൻസുകൾക്കൊപ്പം സിനിമയുടെ അവതരണം, ഛായാഗ്രഹണം, സംഗീതം, ആർട്ട് വർക്ക് എന്നിവയെല്ലാം മികച്ചു നിൽക്കുന്നു. കോമഡിക്ക് പ്രാധാന്യം നൽകി ഇറക്കിയ ഈ സിനിമ 2022 ആഗസ്റ്റ് നാലിനാണ് റിലീസ് ചെയ്തത്. ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്.
Comments
Post a Comment