സണ്ണി വെയിൻ, അലൻസിയർ, അനന്യ, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, ഗ്രേസ് ആന്റണി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തി മജു സംവിധാനം ചെയ്ത പുതിയ മലയാള ചിത്രമാണ് 'അപ്പൻ'. എഴുന്നേൽക്കാൻ പറ്റാതെ കിടപ്പിലായ അപ്പൻ ഇട്ടിയുടേയും മകൻ ഞൂഞ്ഞിന്റേയും കുടുംബത്തെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ പറയുന്നത്. ആയ കാലത്ത് തന്റെ ചെയ്തികൾ കൊണ്ട് ധാരാളം ശത്രുക്കളെ സമ്പാദിച്ച ഇട്ടിയും, ഇട്ടി മരിച്ചു കാണാൻ ആഗ്രഹിക്കുന്ന നാട്ടുകാരും കുടുംബാംഗങ്ങളും, ഇവരിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. കഥാപാത്ര നിർമിതിയും പ്രകടനങ്ങളും കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്താൻ ഈ സിനിമക്ക് സാധിക്കുന്നുണ്ട്. പ്രകടനങ്ങളിൽ തന്നെ എടുത്തുപറയേണ്ടത് അലൻസിയറിന്റെ അപ്പൻ കഥാപാത്രമാണ്. സിനിമ കാണുന്ന ഏതൊരു പ്രേക്ഷകന്റെയും ഉള്ളിൽ വെറുപ്പുളവാക്കുന്ന ഇട്ടി എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ അലൻസിയറിന് സാധിച്ചിട്ടുണ്ട്. റബ്ബർ തോട്ടവും അതിനുള്ളിലെ ഒരു വീടും മാത്രമായി സിനിമയിലെ കാഴ്ചകൾ ചുരുങ്ങുമ്പോഴും കഥാപാത്രങ്ങളിലൂടെയുള്ള വിശാലമായ വായന സാധ്യമാകുന്നുണ്ട്. രണ്ടുമണിക്കൂറും 9 മിനിട്ടും ദൈർഘ്യമുള്ള ഈ സിനിമ സോണി ലിവിലൂടെ നേരിട്ട് റിലീസ് ചെയ്തതാണ്.
Comments
Post a Comment